Thursday, March 23, 2017

Counter knowledge-പ്രതിവിജ്ഞാനം - against hoax messages & forwards-Malayalam

Author not known
തീർച്ചയായും വായിക്കുക
പ്രതിവിജ്ഞാനം (Counterknowledge)
------------------------------------------------

സമകാലികസമൂഹത്തിന്‍റെ ചിന്താശേഷിയെ ഏതാണ്ട് പൂര്‍ണമായി തന്നെ കീഴടക്കുന്ന ഒരു വിപത്താണ് പ്രതിവിജ്ഞാനം. എന്താണ് പ്രതിവിജ്ഞാനം? വാസ്തവം എന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ രൂപം കൊടുക്കുന്ന തെറ്റായ
അശാസ്ത്രീയവിവരങ്ങളെ ആണ് പ്രതിവിജ്ഞാനം അഥവാ counterknowledge എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കപടവൈദ്യങ്ങള്‍, വാസ്തു, ജ്യോതിഷം, ശാസ്ത്രനിഷേധം, ചരിത്രനിഷേധം, സൃഷ്ടിവാദം എന്നിങ്ങനെ പ്രതിവിജ്ഞാനം സമൂഹത്തില്‍ എവിടെ നോക്കിയാലും കാണാവുന്നതാണ്.
ഏറ്റവും അടുത്ത കാലത്തെ ചില ഉദാഹരണങ്ങള്‍ നോക്കാം.

1. അമേരികയിലെ മയോ ഹോസ്പിറ്റലിലെ ഒരു 'ഡോ. രതീഷ്‌ മേനോന്‍' എന്നൊരു വ്യക്തി പറയുന്നത് എന്ന അടിക്കുറിപ്പോടെ ഒരു പത്തു മിനിറ്റ് ഓഡിയോ ക്ലിപ്പ് ഈയടുതതായി വാട്സപ്പില്‍ പ്രചരിച്ചു വരുന്നു. പ്രമേഹരോഗികള്‍
ഇന്‍സുലിന്‍ എടുക്കരുത് എന്നും, രക്തസമ്മര്‍ദ്ധം ഉള്ളവര്‍ മരുന്ന് കഴിക്കുകയോ ഏതെങ്കിലും തരത്തില്‍ ചികിത്സ തേടുകയോ ചെയ്യരുതെന്നും, പ്രായമായവര്‍ എല്ല് തേയ്മാനത്തിനുള്ള മരുന്നുകള്‍ കഴിക്കരുതെന്നും ഒക്കെ
ഉപദേശിക്കുന്ന അപകടകരങ്ങളായ സന്ദേശങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന്‌ ഷെയറുകള്‍ ഈ ഓഡിയോ ക്ലിപ്പ് നേടി. ഈ ക്ലിപ്പിലെ കാര്യങ്ങള്‍ സത്യമാണെന്ന് ധരിച്ച അനവധി പേര്‍ മരുന്നുകള്‍
എടുക്കുന്നത് നിര്‍ത്തുന്നതിനെ പറ്റി കാര്യമായി ചിന്തിച്ചു തുടങ്ങി. അതില്‍ പറഞ്ഞ ഒരു കാര്യം പോലും വാസ്തവമായിരുന്നില്ല. മയോ ഹോസ്പിറ്റലില്‍ എങ്ങും രതീഷ്‌ മേനോന്‍ എന്നൊരു ഡോക്ടര്‍ ജോലി ചെയ്യുന്നും ഇല്ല.

2. ചൈനീസ് മുട്ട: രൂപത്തിലും ഭാവത്തിലും എല്ലാം യഥാര്‍ത്ഥ മുട്ട പോലെ തോന്നിപ്പിക്കുന്ന ആരോഗ്യത്തിന് ഹാനികരമായ 'കൃത്രിമ രാസവസ്തുക്കള്‍' ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യജമുട്ടകള്‍ ചൈനയില്‍ നിന്നും കേരളത്തില്‍
ഇറക്കുമതി ചെയ്യുന്നു എന്ന് ഈ അടുത്ത് വാര്‍ത്ത വന്നു. മുഖ്യധാരമാധ്യമങ്ങള്‍ വരെ ചാനല്‍ ചര്‍ച്ചകളും, വിദഗ്ദാഭിപ്രായങ്ങളും, പ്രത്യേക കവറെജുകളും, തല്‍സമയ റിപ്പോട്ടിങ്ങും, എഡിറ്റോറിയലുകളും ആയി വാര്‍ത്തക്ക് വന്‍
പ്രചാരം നല്‍കി. ജനങ്ങള്‍ മുട്ടകള്‍ കൊണ്ട് വരുന്ന ലോറികള്‍ കയ്യേറുകയും, മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. എന്നാല്‍ സാമ്പിള്‍ പരിശോദനയില്‍ വാര്‍ത്തയില്‍ യാതൊരു വാസ്തവവും ഇല്ലെന്ന്
തെളിഞ്ഞു. 

3. കാന്‍സര്‍ എന്നത് ആഗോളമുതലാളിത്ത ഗൂഡാലോചനയാണ്. വാസ്തവത്തില്‍ അങ്ങനെ ഒരു രോഗം ഇല്ല. വൈറ്റമിന്‍ ബി 17 എന്ന വൈറ്റമിന്‍ന്റെ കുറവ് മാത്രമാണ് കാന്‍സര്‍. എന്താണ് വാസ്തവം? ജനിതകതന്മാത്രയില്‍ ഉണ്ടാവുന്ന
വ്യതിയാനം കൊണ്ട്, കോശങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ച് ശരീരത്തിന്റെ സ്വാഭാവികപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന രോഗമാണ് കാന്‍സര്‍. അതിന് വൈറ്റമിന്‍ ബി17 ആയി ബന്ധം ഒന്നും ഇല്ല. എന്ന് മാത്രവുമല്ല, വൈറ്റമിന്‍ ബി
17 പല രോഗങ്ങള്‍ക്കും കാരണമായ രാസവസ്തു ആണന്ന് തിരിച്ചറിഞ്ഞ് നിരോധിക്കപ്പെട്ട വസ്തുവാണ്.

4. വടക്കോട്ട്‌ തല വെച്ച് കിടന്നാല്‍ തലയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിക്കും എന്ന് പ്രചരിപ്പിക്കുന്ന മതപ്രഭാഷകന്‍ പറയുന്നത് രസകരമാണ്. ഭൂമിയുടെ കാന്തികത തെക്ക്-വടക്കായി ആണ് സ്ഥിതിചെയ്യുന്നത്.
ശരീരത്തില്‍ അഞ്ചു ലിറ്ററോളം രക്തമുണ്ട്. രക്തത്തില്‍ ഉള്ള ഹീമോഗ്ലോബിന്‍ എന്ന തന്മാത്രയില്‍ ഇരുമ്പ് എന്ന മൂലകം ഉണ്ട്. ആ ഇരുമ്പ് ഭൌമകാന്തികതയായി പ്രവര്‍ത്തിക്കും എന്നതാണ് ടിയാന്‍ "ശാസ്ത്രീയമായി"
വാദിച്ചുറപ്പിക്കുന്നത്! ഹീമോഗ്ലോബിന്‍ തന്മാത്രയില്‍ ഉള്ള ഇരുമ്പ് കാന്തികസ്വഭാവം കാണിക്കുന്നതല്ല. മാത്രമല്ല അത് രക്തക്കുഴലുകളിലൂടെ നിരന്തരം ഒഴികിക്കൊണ്ടിരിക്കുകയാണ്. രക്തത്തിന് ഭൂമിയുടെ കാന്തികതയുമായി
യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം.

സമൂഹത്തില്‍ പ്രചരിക്കുന്ന അനേകം പ്രതിവിജ്ഞാനപ്രക്ഷാളനങ്ങളില്‍ വളരെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ.

എന്താണ് ഇവയ്ക്കെല്ലാം പൊതുവായി ഉള്ളത്? ഇവയെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ചില വിവരങ്ങള്‍ നല്‍കുന്നവയാണ്. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായ ആരോഗ്യം, ഭക്ഷണം, നിലനില്‍പ്പ്‌ എന്നിവയെ
ആധാരമാക്കിയാണ് വിവരങ്ങള്‍ അധികവും. ശാസ്ത്രീയമെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇവയുടെ അവതരണം. സാങ്കേതികപദങ്ങളും, ഏതാനും സ്ഥിതിവിവരകണക്കുകളും എല്ലാം ഇവയില്‍ കാണാം. എന്നാല്‍ വസ്തുതാപരമായ
തെളിവുകളോ, ശാസ്ത്രീയവിശദീകരണങ്ങളോ ഇവയ്ക്കു ഇല്ലെന്നതാണ് സത്യം.

ശാസ്ത്രത്തിന്റെ രീതിക്ക് കടകവിരുദ്ധമായി നില്‍ക്കുന്ന വിവരങ്ങളും ധാരണകളുമാണ് പ്രതിവിജ്ഞാനത്തിന്‍റെ അന്തസത്ത. ശാസ്ത്രമാനോഭവം ഇല്ലാതെ എന്നാല്‍ ശാസ്ത്രത്തിന്റെ എല്ലാ സത്ഫലങ്ങളും അനുഭവിച്ചു കൊണ്ട് ശാസ്ത്രത്തിന്റെ
ഉത്പന്നങ്ങളില്‍ അഭിരമിക്കുന്ന ഒരു സമൂഹമാണ് സമകാലികആധുനിക സമൂഹം. ശാസ്ത്രം എന്നാല്‍ സാങ്കേതികവിദ്യയുടെ ഉത്പന്നങ്ങള്‍ ആണെന്ന തെറ്റിധാരണ നമ്മുടെ സമൂഹത്തില്‍ വ്യാപകമായി ഗ്രസിച്ചു നില്‍ക്കുന്നു.

എന്നാല്‍ ശാസ്ത്രം എന്നത് സാങ്കേതികമായ അറിവുകളുടെ സംഘാതം എന്നതിലുപരി ഒരു ചിന്താരീതിയാണ്. പ്രപഞ്ചത്തെ പഠിക്കാനും അറിയാനുമുള്ള ഏറ്റവും കണിശവും സത്യസന്ധവുമായ രീതി. വസ്തുനിഷ്ടമായ
നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായ വിശദീകരണങ്ങള്‍ കണ്ടെത്തുകയാണ് ശാസ്ത്രത്തിന്റെ രീതി. ഒരേ പ്രതിഭാസത്തിന് വിരുദ്ധങ്ങളായ ഒന്നിലധികം വിശദീകരണങ്ങള്‍ സാധ്യമായാല്‍ (hypothesis)
അസത്യവല്‍ക്കരണക്ഷമതയുള്ള പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ കണിശമായ പരീക്ഷണങ്ങള്‍ നടത്തി ശരിയായ വിശദീകരണം കണ്ടെത്താം. ഒരു പ്രതിഭാസത്തിന്റെ സാധ്യമായ എല്ലാ വിശദീകരണങ്ങളെയും
തെളിവുകളുടെ അടിസ്ഥാനത്തില്‍ കണിശമായി പരിശോധിച്ച്, എത്ര തന്നെ സുന്ദരമായാലും അയതാര്‍ത്ഥമാണെന്ന് തെളിയുന്നവയെ തള്ളിക്കളയുക എന്ന സത്യസന്ധമായ രീതിയാണ് ശാസ്ത്രതിന്റെത്. തെളിവുകള്‍ക്ക് മാത്രമാണ്
ശാസ്ത്രദൃഷ്ടിയില്‍ പ്രാധാന്യം. പ്രമാണങ്ങള്‍ക്കോ, പ്രമാണികള്‍ക്കോ, പാരമ്പര്യവാദങ്ങള്‍ക്കോ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്കോ, രാഷ്ട്രീയവീക്ഷണങ്ങള്‍ക്കോ തെളിവുകളേക്കാള്‍ ഉപരിയായ സ്ഥാനം ശാസ്ത്രം കല്‍പ്പിക്കുന്നില്ല. പുതിയ
തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ സ്വയം പരിഷ്കരിച്ച് ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേക്കും, കൃത്യതയില്‍ നിന്ന് കൂടുതല്‍ കൃത്യതയിലെക്കും നീങ്ങാനുള്ള സാധ്യത ശാസ്ത്രം മുന്നോട്ട് വെക്കുന്നു.
വളരെ ശ്രമകരവും ദുഷ്കരവുമായ ഒരു രീതി കൂടിയാണിത്. ശാസ്ത്രത്തിന്റെ ജ്ഞാനസമ്പാദനരീതി അവസാനഭാഗത്ത്‌ ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ മാറ്റിവെക്കുന്നു.

ശാസ്ത്രത്തിന്റെ ഈ കണിശമായ പരീക്ഷണങ്ങളില്‍ പരാജയപ്പെടുന്നവയാണ് പ്രതിവിജ്ഞാനങ്ങള്‍. ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ കൊണ്ട് തന്നെ തെറ്റെന്നു തെളിയുന്ന ഇത്തരം പ്രചരണങ്ങള്‍ പക്ഷെ എന്ത് കൊണ്ട്
സമൂഹത്തില്‍ വ്യാപരിക്കുന്നു?

പുതിയ അറിവുകള്‍ നേടുന്നതിന് മനുഷ്യന്‍ സദാ തല്‍പരനാണ്‌. പുതിയ അറിവുകള്‍ നേടുന്നത് അതിജീവനത്തിന് അത്യന്താപേക്ഷികമാണെന്ന് ലക്ഷകണക്കിന് വര്‍ഷത്തെ പരിണാമത്തിന്റെ ഉത്പന്നമായ മനുഷ്യമസ്തിഷ്കത്തിന്
'കൃത്യമായി അറിയാവുന്ന' കാര്യമാണ്. കാര്യങ്ങള്‍ക്ക് കാരണം തിരയാനും, കണ്ടെത്തുന്ന വസ്തുതകളില്‍ നിന്ന് കാര്യകാരണബന്ധമുള്ള ഒരു കഥ മെനയാനും പ്രവചനശേഷിയുള്ള ഒരു പാറ്റെണ്‍ കണ്ടെത്താനും സഹായിക്കുന്ന
മസ്തിഷ്കമായാണ് മനുഷ്യര്‍ ജീവിക്കുന്നത്. എന്നാല്‍ അനവധി ഡാറ്റകളുടെ അടിസ്ഥാനത്തില്‍ പ്രകൃതിപ്രതിഭാസങ്ങളെ കൃത്യമായി നിര്‍ധാരണം ചെയ്യുക എന്നത് ഏറെ ശ്രമകരമായതും, സമയം നഷ്ടപ്പെടുന്നതും, കൂടാതെ 
മസ്തിഷ്കത്തെ സംബന്ധിച്ചു ഊര്‍ജചിലവുള്ളതുമായ കാര്യമാണ്. ഊര്‍ജവിനിയോഗം പരമാവധി കുറയ്ക്കുക എന്നത് പരിണാമപരമായി അതിജീവനത്തിനെ സഹായിക്കുന്ന വസ്തുതയാണ്. അതിനാല്‍ ഒട്ടനവധി cognitive
biasകള്‍ ആയാണ് മസ്ഥിഷ്കം ഡാറ്റകളെ നിര്‍ധാരണം ചെയ്യുന്നത്. 150ല്‍ അധികം കോ.ബയസുകള്‍ മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. (അവയോരോന്നും വിവരിക്കുക ഈ ലേഖനത്തിന്റെ സാധ്യതക്ക് പുറത്താണ്.)
ചുരുക്കത്തില്‍ 'കൈ നനയാതെ മീന്‍ പിടിക്കാനുള്ള വഴികളാണ്' ജ്ഞാനസമ്പാദന രീതിക്ക് മനുഷ്യമസ്ഥിഷ്കം തിരഞ്ഞെടുക്കുക. ഇത്തരം എളുപ്പവഴികള്‍ തിരയുന്ന മനുഷ്യമസ്തിഷ്കങ്ങള്‍ ആണ് പ്രതിവിജ്ഞാനതിന്റെ പ്രേക്ഷകര്‍.

ഉദാഹരണത്തിന്, ആധികാരികസ്ഥാനങ്ങളിലുള്ള വ്യക്തികളെ ചോദ്യം ചെയ്യാതെ വിശ്വസിക്കുക എന്നതാണ് അത്തരം വഴികളില്‍ പ്രധാനമായത്. പ്രായവും, അനുഭവപരിചയവും ഉള്ള വ്യക്തികളെ നേതാക്കള്‍ ആയി
ആരാധിക്കുന്ന രീതി സമൂഹ ജീവിതം നയിക്കുന്ന മിക്ക മൃഗങ്ങളിലും പ്രകടമാണ്.  അതിജീവനത്തിനനുയോജ്യമായ  division ഓഫ് labour ആണ് ഇവിടെ നടക്കുന്നത്.  നേതാക്കളുടെ തീരുമാനങ്ങളെ/ തീര്‍പ്പുകളെ/
പ്രവചനങ്ങളെ ചോദ്യം ചെയ്യാതെ സത്യം എന്ന് വിശ്വസിക്കുന്ന ജീവികളാണ് പരിണാമപരമായി മനുഷ്യര്‍. നേതാവിനെ വിശ്വസിച്ച് പിന്തുടര്‍ന്ന പൂര്‍വികമസ്ഥിഷ്കങ്ങളുടെ പിന്മുറക്കാരാണ് നാമെല്ലാം. നായാട്ട്ഗോത്രങ്ങളില്‍
അനുകൂലനമായിരുന്ന ഈ മസ്ഥിഷ്കനിലപാട് എന്നാല്‍ ആധുനികയുഗത്തില്‍ അറിവ് സ്വീകരിക്കുന്നതിന് സഹായകമല്ലെന്നു മാത്രമല്ല, തടസവും കൂടെയാണ്. ആധികാരികമായി കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍, അവ തെറ്റെങ്കില്‍
പോലും തല്‍പരകക്ഷികള്‍ക്ക് ഇന്നും സമൂഹത്തെ അജ്ഞാനത്തിന്റെ ഗര്‍ത്തങ്ങളിലേക്ക്‌ തള്ളിയിടാന്‍ സാധിക്കുന്നത് ഇത് കൊണ്ടാണ്. ജ്ഞാനസമ്പാദനത്തിനുള്ള ജ്ഞാനമാര്‍ഗം വ്യക്തികളോ, പ്രമാണങ്ങളോ അല്ല എന്ന്
തിരിച്ചറിയുന്നതിലൂടെയാണ് മനുഷ്യകുലത്തിന്‍റെ ചിന്താമണ്ഡലം അതിന്‍റെ സ്വയംനിര്‍മ്മിത ശൈശവത്തില്‍ നിന്ന് മോചിതമാവുന്നത്.

മറ്റൊന്നാണ് numerical selection.ഒരുപാട് വ്യക്തികള്‍ വിശ്വസിക്കുന്നു എങ്കില്‍ അത് ശരിയാവാനാണ് സാധ്യത എന്ന ധാരണ മനുഷ്യനുണ്ട്. ഇത്രയും പേര് ശരിയാണെന്ന് കരുതുന്ന ഒന്ന് താനായിട്ട് വിശ്വസിക്കാതിരിക്കേണ്ട
കാര്യം ഇല്ല. അതാണ്‌ ലാഭവും. എളുപ്പത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരുപാധിയാണ്‌ ഇത്. ശരിയായിരിക്കാന്‍ സാധ്യത ഉള്ള ഒരു അറിവ് യാതൊരു ചിലവും ഇല്ലാതെ നമുക്ക് ലഭിക്കും. ശരിയെന്ന് സ്വയം ബോധ്യമുള്ള
വിഷയങ്ങളില്‍ പോലും തെറ്റായ വസ്തുതകള്‍ ഭൂരിപക്ഷം ആളുകള്‍ വിശ്വസിക്കുന്നു എങ്കില്‍ ശരിയെ അവഗണിച്ച് തെറ്റിനെ സ്വീകരിക്കാനുള്ള തീവ്രപ്രവണത മനുഷ്യന് ഉണ്ടെന്നുള്ളത് മനശാസ്ത്രപരമായി തെളിയിച്ചിട്ടുള്ളതാണ്.
ഏതോ രീതിയില്‍ താന്‍ നേടിയിട്ടുള്ള ലോകവീക്ഷണം തെറ്റെന്ന് തെളിഞ്ഞാല്‍ അവ ഉപേക്ഷിക്കാനും നാം തയ്യാറാവാറില്ല. പ്രാചീന/പരമ്പരാഗതസങ്കല്പങ്ങള്‍ വിടാതെ പിന്തുടരുകയും അതിന് വിരുദ്ധമായ തെളിവുകളെ
അവഗണിക്കുകയോ, വ്യാഖ്യാനിചെടുക്കുകയോ ഒക്കെ ചെയ്ത് ലോകവീക്ഷണം മാറാതെ പിന്തുടരാനാണ് നമുക്കിഷ്ടം. ഭൂമി ഗോളാകൃതിയില്‍ ആണെന്നതിനുള്ള തെളിവുകള്‍ ആധുനികജീവിതത്തിന്റെ സമസ്തമേഖലകളിലും
അനുഭവിക്കാവുന്നതാനെങ്കിലും ഭൂമി പരന്നതാണെന്നു വിശ്വസിക്കാന്‍ ആണ് പരമ്പരാഗതമതവിശ്വാസങ്ങള്‍ പഠിപ്പിക്കുന്നത്. അതിന് അല്പം പോലും വ്യതാസം വരുത്താതെ എല്ലാ തെളിവുകളെയും വളച്ചൊടിച്ചു പരന്ന ഭൂമിക്കു
അനുയോജ്യമാക്കുന്ന സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നതിന് 'ഫ്ലാറ്റ് ഏരത്ത് തിയറികള്‍' മുന്നോട്ട് വെക്കുന്ന ബഹുജനസംഘടനകള്‍ അമേരിക്കയിലും മറ്റും ഉണ്ട്. പരിണാമശാസ്ത്രം ഒരു വിദ്യാഭ്യാസകാലകൌതുകം എന്നതിനപ്പുറം
ജൈവലോകത്തെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ  ലോകവീക്ഷണത്തില്‍ കാര്യമായ മാറ്റമൊന്നും ഇന്നും ഉണ്ടാകിയിട്ടില്ല.  'സ്വതന്ത്രമായി ചിന്തിക്കാന്‍ ധൈര്യപ്പെടുക', 'വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രം
വിശ്വസിക്കാന്‍ ധൈര്യപ്പെടുക' എന്നീ ആഹ്വാനങ്ങള്‍ ഇന്നും സമൂഹത്തിന് അപരിചിതമായിട്ടുള്ള കാര്യങ്ങളാണ്.

ഇത്തരത്തില്‍ പ്രതിവിജ്ഞാനങ്ങളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മസ്ഥിഷ്കങ്ങളെ വിദഗ്ദമായി ചൂഷണം ചെയ്യാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കും. വളരെ വിദഗ്ദമായി അവര്‍ പ്രയോഗിക്കുന്ന ന്യായവൈകല്യങ്ങള്‍ ആണ്
പ്രതിവിജ്ഞാനക്കാരുടെ വിജയത്തിനുള്ള തുറുപ്പുചീട്ട്. തെറ്റായ താരതമ്യങ്ങള്‍ നടത്തിയും, കണക്കുകളെയും വസ്തുതകളെയും, വളച്ചൊടിച്ചും, വികാരങ്ങളെയും ഭയത്തെയും പ്രതീക്ഷകളെയും ചൂഷണം ചെയ്തു കൊണ്ടാണ്
ഇത്തരക്കാര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുക. കേരളത്തില്‍ വാക്സിന്‍വിരുദ്ധത പ്രച്ചരിപ്പിക്കുന്നതില്‍ പ്രധാനിയായ ഒരു വ്യാജവൈദ്യന്റെ പ്രസ്താവന ഇത്തരത്തിലാണ്. "ശവം സൂക്ഷിക്കുന്ന ഫോര്‍മാലിനില്‍ ഇട്ട്
സൂക്ഷിക്കുന്ന ചത്ത ജീവികളുടെ ശവശരീരങ്ങളാണ് നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളില്‍ കുത്തിവെക്കുന്നത്." ജീവികളുടെ ശവശരീരത്തിനോട് തോന്നുന്ന വൈകാരികമായ അറപ്പും, കുഞ്ഞുങ്ങളോടുള്ള മാതാപിതാക്കളുടെ 
സ്നേഹത്തിനെയും എത്ര വിദഗ്ദമായി ചൂഷണം ചെയ്യുന്നു എന്ന് നോക്കുക. ഇത്തരം വാക്കുകള്‍ കൊണ്ട് ഫോര്‍മാലിന്‍ എന്നത് ഒരു അണുനാശകമായ രാസപദ്ധാര്‍ത്ഥം മാത്രമാണെന്നും, വാക്സിനില്‍ ഉള്ളത് രോഗാണുവില്‍ നിന്നും
എടുക്കുന്ന, പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കള്‍ ആണെന്നുമുള്ള ശാസ്ത്രീയധാരണ ഇല്ലാത്ത സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തെ അദ്ദേഹം വാക്സിന്‍ എടുക്കുന്നതില്‍ നിന്നും തടയുന്നതില്‍ വിജയിച്ചു
എന്നതാണ് ദുഖകരമായ സത്യം.
പാരമ്പര്യസ്നേഹം, രാജ്യസ്നേഹം, ആരാധനാപാത്രങ്ങള്‍ എന്നിങ്ങനെയുള്ള വിശുദ്ധപശുക്കളും ഇത്തരക്കാരുടെ ഒരു പ്രധാന ആയുധമാണ്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ കേള്‍ക്കുന്ന വ്യക്തികള്‍
സംശയബുദ്ധിയോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ തുനിയില്ല എന്ന പ്രത്യേകത കൊണ്ടാണിത്. യോഗ, ആയുര്‍വേദം, ഒറ്റമൂലികള്‍ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രച്ചരിക്കുന്നതിനുള്ള ഏറ്റവും പ്രധാനകാരണം അവ
വേദങ്ങളില്‍ പറഞ്ഞിരിക്കുന്നു, ഋഷീശ്വരന്മാര്‍ പറഞ്ഞിരിക്കുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നതാണ്. വേദത്തില്‍ ഉള്ളതാണെങ്കില്‍ പിന്നെ അത് ശരിയോ, തെറ്റോ എന്ന് നോക്കേണ്ട കാര്യം ഇല്ലല്ലോ!
ഇതിന്റെ മറ്റൊരു വകഭേദമാണ് ഗൂഡാലോചനസിദ്ധാന്തങ്ങള്‍. പൊതുസമൂഹത്തിന് എതിര്‍പ്പുള്ള ബിംബങ്ങള്‍ അവരുടെ കാര്യപ്രാപ്തിക്കായി നടപ്പിലാക്കുന്നതാണ് എന്ന് പ്രചരിപ്പിച്ചാല്‍ അവ ശരിയാണെങ്കില്‍ പോലും സമൂഹം
അംഗീകരിക്കുകയില്ല. "ആധുനികവൈദ്യം കുത്തകകമ്പനികളുടെ കൊള്ളലാഭത്തിനുള്ള മാര്‍ഗമാണ്" എന്ന് സ്ഥാപിക്കപ്പെട്ടാല്‍ പിന്നെ, ആധുനികവൈദ്യം ശരിയാണെങ്കിലും അംഗീകരിക്കേണ്ട എന്നതാവും പൊതു നിലപാട്.
കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ആധുനികസാങ്കേതികവിദ്യകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ്‌ വളക്കൂറുള്ള ഒരു പ്രദേശത്ത്‌ പ്രയോഗിക്കാവുന്ന ഏറ്റവും നല്ല പ്രചരണം അവ തൊഴിലാളികളെ തകര്‍ക്കാന്‍ ഉള്ള അമേരികന്‍
ഗൂഡാലോചനയുടെ ഭാഗമാണെന്നു പറയുന്നതാണ്. ചരിത്രത്തെ നിഷേധിച്ചു കൊണ്ടുള്ള പ്രതിവിജ്ഞാനപ്രചരണങ്ങളിലും പലപ്പോഴും ഈ രീതി അവലംബിക്കുന്നത് കാണാനാവും. പ്രാചീനകാലം തൊട്ടുള്ള ഇന്ത്യയിലെ
ജാതീയമായ വിവേചനങ്ങളുടെ നേര്‍ചിത്രം മൂടിവെക്കാന്‍ ഉള്ള തല്പരവര്‍ഗീയശക്തികളുടെ ഏറ്റവും പ്രധാനമാര്‍ഗം അത്തരം ചരിത്രം എല്ലാം ബ്രിട്ടീഷ്‌ സൃഷ്ടികള്‍ ആണെന്ന് പറഞ്ഞുകൊണ്ട് നിഷേധിക്കലാണ്. ഇന്ത്യയിലെ
ആര്യസംസ്കാരം മദ്ധ്യേഷ്യയില്‍ നിന്നും കുടിയേറി വന്നവര്‍ അല്ലെന്നും, യുഗ-യുഗാന്തരങ്ങളായി പ്രാദേശികമായി ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നവര്‍ ആണെന്നും സ്ഥാപിക്കെണ്ടവര്‍ക്ക് മതിയായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും
അവ പാശ്ചാത്യ ഗൂഡാലോചനയുടെ  കണ്ടെത്തല്‍ ആണെന്ന് പ്രചരിപ്പിക്കാനായാല്‍ വിജയിക്കാം. അമേരിക്കന്‍ ചാരസംഘടന ആയ സി.ഐ.എയുടെ സൃഷ്ടി ആണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം എന്ന് വിശ്വസിക്കുന്നവര്‍
ഉണ്ട്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയത് ശീതയുദ്ധകാലത്ത് മേല്‍ക്കൈ നേടാന്‍ അമേരിക്ക നടത്തിയ ഗൂഡാലോചനസൃഷ്ടി മാത്രമാണെന്ന് പറഞ്ഞ്‌ നിഷേധിക്കുന്നവരും ധാരാളമുണ്ട്.

ഇന്ന് പ്രചരിക്കുന്ന മിക്ക കപടവിജ്ഞാനങ്ങളുടെയും ഉറവിടം  അന്വേഷിച്ചാല്‍ തല്‍പരകക്ഷികളില്‍ എത്താന്‍ സാധിക്കും. തങ്ങളുടെ ഏതെങ്കിലും സ്വാര്‍ത്ഥമായ അജണ്ട നടപ്പിലാക്കുക എന്ന ഏതെങ്കിലും വ്യക്തിയുടെയോ
സ്ഥാപനത്തിന്റെയോ, സംഘടനയുടെയോ ലക്ഷ്യമാണ് ഇവയ്ക്കു പുറകില്‍ ഉണ്ടാവാറ്. ആധുനികവൈദ്യത്തിനെതിരെ പേടിപ്പെടുത്തുന്ന നുണകള്‍ പ്രചരിപ്പിക്കുന്ന പ്രമുഖര്‍ ഏതാണ്ട് എല്ലാവരും വ്യാജവൈദ്യത്തിലൂടെ ജനങ്ങളെ
ചൂഷണം ചെയ്യുന്നവരായിരിക്കും. സസ്യാഹാരം പ്രചരിപ്പിക്കണം എന്ന ലക്ഷ്യമുള്ളവരാണ് കൂടുതലും മാംസാഹാരം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവുന്നു എന്ന് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉള്ളത്.
വടക്കോട്ട്‌ തല വെച്ച് കിടക്കുന്നത് ഭൌമകാന്തികത കാരണം പക്ഷാഘാതത്തിന് കാരണമാവും എന്ന് പ്രചരിപ്പിക്കുന്ന വ്യക്തിക്ക് ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ടയേക്കാള്‍ പ്രധാനം പൈതൃകം ശാസ്ത്രീയം ആണെന്ന്
വരുത്തിതീര്‍ക്കല്‍ ആണ്.

പ്രതിവിജ്ഞാനങ്ങളുടെ പ്രചരണത്തിന് എന്നത്തേക്കാളും സാധ്യത ആണ് ആധുനികയുഗത്തില്‍ ഉള്ളത്. നിയന്ത്രണങ്ങള്‍ ഇല്ലാതെ ആശയപ്രചരണം സാധ്യമാക്കുന്ന സമൂഹമാധ്യമങ്ങള്‍ സമൂഹത്തില്‍ കാര്യമായ പുരോഗതി
വരുത്തിയിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ അവയുടെ ഒരു ദൂഷ്യഫലം ഇത്തരം പ്രതിവിജ്ഞാനപ്രചരണസാധ്യതയാണ്. എങ്ങനെയും ആരും പടച്ചുവിടുന്ന എന്ത് കാര്യവും വിശ്വസിക്കുന്ന സമൂഹത്തില്‍ നവമാധ്യമങ്ങള്‍
പ്രതിവിജ്ഞാനപ്രചാരകര്‍ക്ക് വലിയ സാധ്യത ആണ് നല്‍കുന്നത്. ഉത്തരവാദിത്തബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഖ്യധാരാമാധ്യമങ്ങളും ഇവയ്ക്കു വളമേകുന്നു. ശാസ്ത്രയുഗത്തില്‍ ശാസ്ത്രീയലോകവീക്ഷണങ്ങള്‍
പ്രചരിക്കുന്നതിലും കൂടുതല്‍ അശാസ്ത്രീയവീക്ഷണങ്ങള്‍ പ്രചരിക്കുന്ന വിരോധാഭാസത്തിന് പുറകിലുള്ള ഘടകങ്ങളില്‍ പ്രധാനം ഉത്തരവാദിത്തമോ നിയന്ത്രണമോ ഇല്ലാത്ത നവയുഗമാധ്യമങ്ങള്‍ ആണെന്ന് കരുതുന്നതില്‍
തെറ്റില്ല.

തെളിവുകള്‍ ഇല്ലാത്തതും, അശാസ്ത്രീയമായതുമായ വസ്തുതകളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മസ്തിഷ്കങ്ങള്‍ ആയി ജീവിക്കുന്ന മനുഷ്യസമൂഹങ്ങളും, അത്തരം അശാസ്ത്രീയപ്രചരണത്തിന് സാധ്യത നിലനില്‍ക്കുന്നതായ
സാമൂഹികഅന്തരീക്ഷവും യാതാര്‍ത്ഥ്യങ്ങള്‍ ആണെന്നിരിക്കെ, പ്രതിവിജ്ഞാനപ്രക്ഷാളനങ്ങളെ തടയാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇനി നോക്കാനുള്ളത്.
അടിസ്ഥാനപരമായി സമൂഹത്തിന്റെ ചിന്താരീതി അഥവാ ജ്ഞാനസമ്പാദന രീതിയിലുള്ള വൈകല്യമാണ് പ്രതിവിജ്ഞാനങ്ങളുടെ വെള്ളവും, വളവും, വെളിച്ചവുമെല്ലാം. സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രത്തിന്റെ ആക്കുക
എന്നത് മാത്രമാണ് പ്രതിവിജ്ഞാനങ്ങള്‍ക്കുള്ള പ്രതിവിധി.

എന്താണ് മറ്റ് രീതികളെ അപേക്ഷിച്ച് ശാസ്ത്രത്തിനുള്ള പ്രത്യേകത?
മുന്‍വിധികള്‍ ഇല്ലാത്ത അന്വേഷണരീതിയാണ് ശാസ്ത്രത്തിന്റെ മുഖമുദ്ര. സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്നതിന് ശാസ്ത്രം മുന്നോട്ട് വെക്കുന്ന ഉപാധി വസ്തുനിഷ്ടമായ തെളിവുകള്‍ മാത്രമാണ്. പ്രതിഭാസത്തില്‍
നിന്നാണ് ശാസ്ത്രം പ്രമാണങ്ങള്‍ കണ്ടെത്തുന്നത്. ഒരു പ്രതിഭാസത്തിന്റെ വിശദീകരണം എന്ന നിലയില്‍ വരാവുന്ന എല്ലാ സാധ്യതകളെയും ശാസ്ത്രം പരിശോധിക്കെണ്ടതുണ്ട്. ഓരോ സിദ്ധാന്തവും പരിശോധിക്കപ്പെടുന്നത് അവ ആര്
പറഞ്ഞു എന്നതോ, ഏത് വിശ്വാസത്തെ ആസ്പദമാക്കി ഉള്ളതാണ് എന്നോ എന്നതിന്റെ അടിസ്ഥാനത്തില്‍ അല്ല. ഓരോ സിദ്ധാന്തവും മുന്നോട്ട് വെക്കുന്ന അസത്യവല്‍ക്കരണക്ഷമമായ പ്രവചനങ്ങളുടെ സാധുത ആണ് ശാസ്ത്രം
പരിശോധിക്കുക. അതില്‍ നിന്ന് തെറ്റെന്ന് തെളിഞ്ഞ സിദ്ധാന്തങ്ങള്‍, അവ എത്ര തന്നെ സുന്ദരമോ, യുക്തിസഹമോ, മുന്‍ധാരണകളോട് യോജിച്ച് പോവുന്നതോ ആണെങ്കിലും അവയെ തള്ളിക്കളയുന്ന രീതിയാണ് ശാസ്ത്രം മുന്നോട്ട്
വെക്കുന്നത്. റിച്ചാര്‍ഡ്‌ ഫെയിന്മാന്റെ വാക്കുകള്‍ കടമെടുത്താല്‍ "പ്രപഞ്ചത്തെ അറിയാനുള്ള ഉപാധിയായാണ് ശാസ്ത്രം നിലകൊള്ളുന്നത്. അത് കൊണ്ട് തന്നെ സത്യത്തെക്കുറിച്ചുള്ള അന്വേഷണം എന്നതായിരിക്കണം ശാസ്ത്രം
കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യം. തങ്ങളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും തെറ്റാന്‍ ഉള്ള എല്ലാ സാധ്യതകളെക്കുറിച്ചും ശാസ്ത്രഞ്ജര്‍ സദാബോധവാന്മാര്‍ ആയിരിക്കണം. അവ സത്യസന്ധമായി
രേഖപ്പെടുത്തുകയും അംഗീകരിക്കുകയും വേണം."

'രോഗാണു എന്നത് വളരെ ചെറിയ ഒരു കോശമാണ്, അതിന് ട്രില്ല്യന്‍ കണക്കിന് കോശങ്ങള്‍ ഉള്ള മനുഷ്യശരീരത്തെ നശിപ്പിക്കാന്‍ സാധിക്കില്ല' എന്നത് പ്രഥമദൃഷ്ട്യാ യുക്തിസഹമായി തോന്നുന്ന ഒരു പ്രസ്താവനയാണ്. ഒരു
(ഏകകോശ)ജീവി രോഗകാരണമാവുന്നു, അതിനെ നശിപ്പിക്കല്‍ ആണ് ചികിത്സ എന്നത് ദൈവനിഷേധസിദ്ധാന്തമാണെന്നും കൂടെ പറയുന്നത് ദൈവശാസ്ത്രപരമായ-വിശ്വാസപ്രസ്ഥാനങ്ങളുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ച്
ശരിയെന്നു വരാം. എന്നാല്‍ യഥാര്‍ത്ഥ ശാസ്ത്രത്തിന് മുന്നില്‍ അത്തരം മുന്‍വിധികള്‍ക്ക് സാധുതയൊന്നും ഇല്ല. രോഗാണുവിനെ മൃഗശരീരങ്ങളില്‍ കുത്തിവെച്ചാല്‍ മൃഗത്തിന് രോഗം വരുന്നു എന്നത് പരീക്ഷണത്തിലൂടെ
സംശയാതീതമായി തെളിയിക്കാവുന്നതാണ്. അതിലൂടെ "ഏകകോശജീവിയായ രോഗാണു ബഹുകോശജീവികളില്‍ രോഗകാരണം ആവുന്നില്ല"  എന്ന യുക്തിസഹമായ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ചുള്ള പ്രസ്താവന
അസത്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. അതിനെ തെറ്റെന്ന് ബോധ്യമായതിനാല്‍  ഉപേക്ഷിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. എന്നാല്‍ അതിനെ തുടര്‍ന്നും പിന്തുടര്‍ന്നാല്‍ അവ നയിക്കുന്നത്
പ്രതിവിജ്ഞാനത്തിലെക്കായിരിക്കും. എന്ത് കൊണ്ടാണ് ഹോമിയോ പോലുള്ള ചികിത്സാരീതികളിലൂടെ രോഗം മാറി എന്ന് അവകാശപ്പെടുന്നവര്‍ തെളിവായി ഉള്ളപ്പോഴും അവയെ  പ്രതിവിജ്ഞാനം/കപടശാസ്ത്രം എന്ന്
പറയുന്നത്? ഒരു പ്രതിഭാസത്തിന്റെ വിശദീകരണം എന്ന നിലയില്‍ വരാവുന്ന എല്ലാ സാധ്യതകളെയും പരിശോധിക്കാതെ രോഗശമനത്തിനുള്ള കാരണത്തിന് തീര്‍പ്പ് കല്‍പ്പിക്കുന്നു എന്നതാണ് കപടചികിത്സകളുടെ
വ്യാപാരതന്ത്രം. ഒരു പ്രത്യേക ചികിത്സ ഒരു പ്രത്യേക രോഗത്തിന് ഫലപ്രദമാണെന്ന് തീര്‍പ്പ് കല്‍പ്പിക്കുന്നതിനു മുമ്പ്, രോഗശമനത്തിനുള്ള മറ്റ് സാധ്യതകളായ അതാത് രോഗത്തിന്റെ സ്വാഭാവികചരിത്രം (natural history),
പ്ലാസിബോ പ്രഭാവം എന്നിവ പരിശോധിക്കേണ്ടതുണ്ട്. അത്തരത്തില്‍ നടത്തിയ പഠനങ്ങളില്‍ എല്ലാം തന്നെ പരാജയപ്പെടുന്നു എന്നതാണ് കപടചികിത്സകളുടെ കാപട്യം. തെറ്റെന്ന് തിരിച്ചറിഞ്ഞാല്‍ തിരുത്താനോ, തെറ്റെന്നു
തെളിയിക്കാനുള്ള സാധ്യത മുന്നോട്ട് വെക്കാന്‍ പോലുമോ പ്രതിവിജ്ഞാനം തയ്യാറല്ല.

ശാസ്ത്രത്തിന്റെ ഈ ജ്ഞാനമാര്‍ഗം സമൂഹത്തിന്‍റെ ചിന്താരീതി ആവുമ്പോള്‍ മാത്രമാണ് സമൂഹം കപടവിജ്ഞാനങ്ങളില്‍ നിന്നും മോചിതമാവുക. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇതിനെ
ശാസ്ത്രീയമനോവൃത്തി എന്നാണ് വിശേഷിപ്പിച്ചത്.

പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിക്കുകയും, അന്വേഷണത്വരയോടെ ചോദ്യം ചെയ്യുകയും, പരിശോധിക്കുകയും, പരീക്ഷിച്ചും, അപഗ്രഥിച്ചും, ആശയവിനിമയം നടത്തിയും സത്യത്തെ കണ്ടെത്തുന്ന രീതി എന്നാണ്
ശാസ്ത്രീയമനോവൃത്തിയെ നെഹ്രു നിര്‍വചിക്കുന്നത്. പരിശോധനകള്‍ക്ക് വിധേയമാക്കാതെ ഒരു അവകാശവാദവും അംഗീകരിക്കാതിരിക്കുക, മതിയായ തെളിവുകള്‍ ലഭ്യമാകാതെ അഭിപ്രായം രൂപീകരിക്കാതിരിക്കുക, പുതിയ
തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്‍ധാരണകള്‍ തിരുത്തുക എന്നിവ ജീവിതത്തിന്റെ തന്നെ ഭാഗമാക്കണം എന്നാണു അദ്ദേഹം ഇന്ത്യയിലെ ജനതയോട് ആവശ്യപ്പെട്ടത്. യുക്തിബോധം, നീതിബോധം, തുല്യത, ജനാധിപത്യം
എന്നീ ആധുനികതാമൂല്യങ്ങള്‍ ശാസ്ത്രീയമനോവൃത്തിയുടെ അവിഭാജ്യഘടകങ്ങള്‍ ആണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

നിരന്തരമായ വിദ്യാഭ്യാസപ്രക്രിയകള്‍ മാത്രമാണ് ശാസ്ത്രീയമനോവൃത്തി വളര്‍ത്തുന്നതിനുള്ള മാര്‍ഗം. ശാസ്ത്രബോധമുള്ള പൌരന്മാര്‍ ആയിരിക്കും രാജ്യത്തെ പുരോഗതിയിലേക്കും മാനവികതയിലെക്കും നയിക്കുക. സ്കൂള്‍
വിദ്യാഭ്യാസകാലഘട്ടം ഒരു വ്യക്തിയുടെ ചിന്തകളെ രൂപീകരിക്കുന്നതില്‍ ഏറെ പ്രധാനമായ കാലയളവാണ്. ശാസ്ത്രം എന്ന പേരില്‍ മനപാഠമാക്കേണ്ട കുറെ വിവരങ്ങള്‍ എന്നതില്‍ ഉപരിയായി ശാസ്ത്രീയമനോഭാവം വളര്‍ത്തല്‍
അത്യന്താപേക്ഷികമാണ്. കുട്ടികളെ ചോദ്യം ചോദിക്കാനും, ബൌദ്ധികമായ സത്യസന്ധതയോടെയും വസ്തുനിഷ്ടമായും കാര്യങ്ങളെ അപഗ്രഥിക്കാനും പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്തം പൊതുവിദ്യാഭ്യാസവ്യവസ്ഥക്ക്
ഉണ്ടാവേണ്ടതുണ്ട്. ലളിതവും രസകരവുമായ പരീക്ഷണപ്രദര്‍ശനങ്ങളിലൂടെയും, പരിചിതമായ ദൈനംദിന പ്രതിഭാസങ്ങളായി കൂട്ടിയിണക്കിയും ശാസ്ത്രം വിശദീകരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രത്തോടുള്ള താല്പര്യം
വര്‍ധിക്കും. അത്തരം സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിന് അദ്ധ്യാപകരും, രക്ഷിതാക്കളും, മാധ്യമങ്ങളും തയ്യാറാവേണ്ടതുണ്ട്. സ്വതന്ത്രചിന്താപ്രവര്‍ത്തകര്‍ക്കും അവരുടെതായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ചെയ്യേണ്ടതായി ഉണ്ട്.

.

No comments:

Post a Comment